ആമുഖം
കേരളപിറവിയ്ക്കു മുന്‍പ് മലബാറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായിരുന്ന ഗുരുവായൂര്‍, സാമൂതിരിയുടെ ഭരണത്തിന് കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ സംസ്ക്കാരവും ചരിത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായത് എന്നാണ് പ്രസിദ്ധി. ക്ഷേത്രത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചതനുസരിച്ച് ഈ പ്രദേശത്തേക്കുളള തീര്‍ത്ഥാടകരുടേയും സന്ദര്‍ശകരുടേയും എണ്ണം വര്‍ദ്ധിക്കുകയും അവരെയെല്ലാം ഉള്‍ക്കൊളളുന്നതിന് പറ്റിയവണ്ണം ഈ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുളള ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട് ഗുരുവായൂര്‍ എന്നീ പ്രദേശങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1961 ലെ 43-ാം ആക്ട് അനുസരിച്ച് 1962 ജനുവരി 26 ന് ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് രൂപീകരിക്കുകയും ചെയ്തു. തൃശ്ശൂര്‍ കളക്ടര്‍ ചെയര്‍മാനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രതിനിധി, പൊതുജനാരോഗ്യം, പൊതുമരാമത്ത് വകുപ്പുകളിലെ എക്സിക്യുട്ടിവ് എഞ്ചിനീയര്‍മാര്‍, തദ്ദേശവാസികളായ സംസ്ഥാന സര്ക്കാരിനാല് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മുന്ന് പ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു ഭരണചുമതല വഹിച്ചിരുന്നത്. സര്‍വ്വശ്രീ സി.ജി. നായര്‍, കാരയില്‍ അപ്പു, ഹാജി എ അബ്ദുള്‍ ഖാദര്‍ സാഹിബ് എന്നിവരായിരുന്നു ആദ്യത്തെ ടൌണ്‍ഷിപ്പ് കമ്മിറ്റിയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍. തുടക്കത്തില്‍ നാലു വാര്‍ഡുകളായിരുന്ന ടൌണ്‍ഷിപ്പ് പ്രദേശം പിന്നീട് പത്തു വാര്‍ഡുകളായും 1994 ല്‍ മുനിസിപ്പാലിറ്റിയായതിനെ തുടര്‍ന്ന് ഇരുപത് വാര്‍ഡുകളായും വികസനത്തെ ലക്ഷ്യമാക്കി വിഭജിക്കപ്പെടുകയുണ്ടായി. 10-12-1964 ലെ ജി.ഒ. (എം എസ് ) 894/64/എച്ച് എല്‍ ഡി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 26-1-1965 മുതല്‍ 6-12-1965 വരെ നടത്തിയ ടൌണ്‍ പ്ളാനിങ്ങ് സര്‍വ്വേ പ്രകാരം ഗുരുവായൂര്‍ ടൌണ്‍ ഡെവലപ്പ്മെന്റ് പ്ളാന്‍ രൂപപ്പെടുകയും ക്ഷേത്ര പരിസരത്തിന്റെ വികസനത്തിനായി വിശദമായ ആസുത്രണ പദ്ധതി തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത പദ്ധതികള്‍ അനുസരിച്ച് ഇന്നര്‍ റിങ്ങ് റോഡ്, ഔട്ടര്‍ റിങ്ങ് റോഡ് ഉള്‍പ്പടെയുളള റോഡുകള്‍ , സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമെ പല ക്ഷേമപ്രവര്‍ത്തനങ്ങളും നടത്താന്‍ ടൌണ്‍ഷിപ്പ് കമ്മിറ്റിക്കു കഴിഞ്ഞുവെങ്കിലും ജനാഭിലാഷം പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുവാന്‍ ടൌണ്‍ഷിപ്പ് കമ്മിറ്റിക്കു കഴിയാത്തതിനെ തുടര്‍ന്ന് നഗരപാലിക നിയമത്തിന്റെ ആവിര്‍ഭാവത്തോടെ ജനഹിതമനുസരിച്ച് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി രൂപീകൃതമായി. ഗുരുവായൂരിലെ ആദ്യത്തെ ജനകീയ കൌണ്‍സില്‍ 1995 സെപ്തംബര്‍ 30-ാം തീയതി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നു.